For reading Malayalam

ഓം ഗം ഗണപതയെ നമഃ
കരിമുട്ടത്തമ്മ ഈ ബ്ളോഗ്ഗിന്‍റെ ഐശ്വര്യം
Some of the posts in this blog are in Malayalam language.To read them, please install any Malayalam Unicode font. (Eg.AnjaliOldLipi) and set your browser as instructed here.Otherwise you will see only squares.
(കായംകുളം സൂപ്പര്‍ഫാസ്റ്റില്‍ അരങ്ങേറുന്ന എല്ലാ കഥയും,കയറി ഇറങ്ങുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കല്പികം മാത്രമാണ്.എവിടെയെങ്കിലും സാമ്യം തോന്നിയാല്‍ അതിനു കാരണം ഭൂമി ഉരുണ്ടതായതാണ്.)
കഥകള്‍ അടിച്ചു മാറ്റല്ലേ,ചോദിച്ചാല്‍ തരാട്ടോ.

ജാമാതാവ് എന്ന വാക്ക്



ഈ പോസ്റ്റ് ശരിക്കും ഒരു ക്ഷമാപണമാണ്, അല്ലെങ്കില്‍ ഒരു വ്യക്തിയോടുള്ള എന്‍റെ കടപ്പാടിന്‍റെ പ്രതിഫലനമാണ്.ഈ പോസ്റ്റിനു കാരണമായ വസ്തുത അറിയണമെങ്കില്‍ ദയവായി താഴത്തെ ലിങ്കിലുള്ള പോസ്റ്റ് വായിക്കുക...

എല്ലാം ശിവമയം

ആദ്യ പോസ്സ്റ്റില്‍ എഴുതിയ ഒരു വരിയാണ്‌ എന്നെ കൊണ്ട് രണ്ടാമത് ഇങ്ങനെ ഒരു പോസ്റ്റിടീക്കാന്‍ കാരണമായത്.മേല്‍ സൂചിപ്പിച്ച പോസ്റ്റിലെ പ്രസ്തുത വരി ഇപ്രകാരമാണ്...

'പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ ദക്ഷന്‍ ഒരു യാഗം നടത്തി.'

ഈ വരി എഴുതുന്നതിനു മുമ്പ് ഞാന്‍ കുറേ പേരോട് അഭിപ്രായം ചോദിക്കേണ്ടതായി വന്നു.കാരണം ദക്ഷന്‍റെ മകളായ സതി ദേവിയെയാണ്‌ ശിവഭഗവാന്‍ കല്യാണം കഴിച്ചത്.അപ്പോള്‍ ശിവന്‍ ദക്ഷന്‍റെ മരുമകനായും, ദക്ഷന്‍ ശിവന്‍റെ അമ്മായിഅപ്പനായും വരും.അതിനാല്‍ നാട്ടുഭാഷയില്‍ മേല്‍ സൂചിപ്പിച്ച വരി എനിക്ക് രണ്ട് രീതിയില്‍ എഴുതാം...

1. മരുമകനായ പരമശിവനെ ക്ഷണിക്കാതെ ദക്ഷന്‍ ഒരു യാഗം നടത്തി.
2. പരമശിവനെ ക്ഷണിക്കാതെ അമ്മായിഅപ്പനായ ദക്ഷന്‍ ഒരു യാഗം നടത്തി.

ആദ്യം ഞാന്‍ ഒന്നാമത്തെ രീതിയിലും പിന്നീട് രണ്ടാമത്തെ രീതിയിലും ആ വരി എഴുതി.തുടര്‍ന്ന് അതൊന്ന് വായിച്ചപ്പോള്‍ എന്തോ ഒരു വശക്കേട്.ആ വാചകത്തിനു ഒരു സുഖമില്ലാത്ത പോലെ.ആ വാചകം മാറ്റി ഇച്ചിരി കൂടി സ്റ്റാന്‍ഡേഡ് ആക്കണമെന്നൊരു തോന്നല്‍. അതിനായി എന്ത് ചെയ്യാമെന്ന് കുറേ നേരം ചിന്തിച്ചപ്പോഴാണ്‌ 'ജാമാതാവ്' എന്ന വാക്ക് മനസ്സില്‍ കടന്ന് വന്നത്...

ജാമാതാവ്!!!
കേള്‍ക്കാനും പറയാനും ഇമ്പമുള്ള വാക്ക്.

എഴുതാന്‍ പോയപ്പോള്‍ വീണ്ടും സംശയമായി...

ജാമാതാവ് ഇതില്‍ ആരാണ്??
ദക്ഷനോ അതോ ശിവനോ??

ഒന്നു കൂടി വ്യക്തമാക്കിയാല്‍ ഈ ജാമാതാവ് എന്ന വാക്കിനു അര്‍ത്ഥമെന്താണ്...
മരുമകനെന്നോ അതോ അമ്മായിഅപ്പനെന്നോ??
ആകെ ഡൌട്ടായി!!

ആ വരി രണ്ട് രീതിയിലും സങ്കല്‍പ്പിച്ച് നോക്കി...

1. ജാമാതാവായ പരമശിവനെ ക്ഷണിക്കാതെ ദക്ഷന്‍ ഒരു യാഗം നടത്തി.
2. പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ ദക്ഷന്‍ ഒരു യാഗം നടത്തി.

കൊള്ളാം.
രണ്ടും ഒന്നിനൊന്ന് മെച്ചം!!
പക്ഷേ ഏതാ ശരി??
ആരോട് ചോദിക്കും??
നേരെ റൂമിനു പുറത്തേക്ക്...

വയറിനു ഒരു അസ്വസ്ഥത എന്ന് പറഞ്ഞ് വിശ്രമിക്കുന്ന അച്ഛനോടാണ്‌ ആദ്യം ചോദിച്ചത്:
"ജാമാതാവ് ആരാണ്?"
"ആരുടെ ജാമാതാവ്?" മറുപടി ചോദ്യം.
അച്ഛനോട് ചോദ്യം വിശദമാക്കി:
"ശിവന്‍റെ ജാമാതാവാണോ ദക്ഷന്‍, അതോ ദക്ഷന്‍റെ ജാമാതാവാണോ ശിവന്‍"
"അത് ശിവന്‍റെ..." പറയാന്‍ വന്ന അച്ഛന്‍ ഒന്ന് സ്റ്റക്കായി.
അച്ഛനും സംശയം..
ശെടാ, ഏതാ ശരി??

അച്ഛനു വയറുവേദന മാറാനായി ഇഞ്ചി നീരും കൊണ്ട് വന്ന അമ്മ അത് അച്ഛനു കൈ മാറുന്നതിനിടയില്‍ ചോദിച്ചു:
"എന്താ കേന്ദ്രവും ആഭ്യന്തരവും മ്ലാനമായിട്ടിരിക്കുന്നത്?"
ആ ചോദ്യത്തിന്‍റെ സ്റ്റാന്‍ഡേര്‍ഡ് കണ്ടപ്പോ എന്‍റെ മനസ്സ് പറഞ്ഞു, ഒരുപക്ഷേ അമ്മക്ക് അറിയാമായിരിക്കും.ചോദ്യം അമ്മയോടായി:
"ജാമാതാവ് എന്നാല്‍ മരുമകനാണോ അതോ അമ്മായിഅപ്പനാണോ?"
മറുപടി ഇന്‍സ്റ്റന്‍റായിരുന്നു:
"മാതാവ് എന്നാല്‍ അമ്മ, അപ്പോ ജാമാതാവ് അമ്മായിഅമ്മ ആയിരിക്കും"
ഒന്നും മിണ്ടിയില്ല!!
അമ്മയോട് ചോദിക്കാന്‍ തോന്നിയ നിമിഷത്തെ മനസ്സാല്‍ പ്രാകി തല കുനിച്ചു നിന്നു.അച്ഛന്‍ ഇഞ്ചി നീര്‌ കുടിച്ചതിനു ശേഷം അമ്മ ആ പാത്രവുമായി അവിടുന്ന് പോയപ്പോഴാണ്‌ പിന്നെ തല പൊക്കിയത്.അച്ഛന്‍റെ മുഖത്ത് ഒരു ചവര്‍പ്പ് ഭാവം, ഒരു പക്ഷേ ഇഞ്ചി നീര്‌ കുടിച്ചതിനാലാവുമെന്ന് കരുതി സമാധാനിച്ചു.അപ്പോഴും മനസ്സില്‍ ആ വാക്ക് മുഴങ്ങി...
ജാമാതാവ്!!

ഇനിയെന്ത് ചെയ്യുമെന്ന് ആലോചിച്ചിരുന്നപ്പോഴാണ്‌ വാമഭാഗം അത് വഴി നനച്ച തുണി വിരിക്കാനായി പോയത്.വഴിയെ പോകുന്ന കാക്കയുടെ കൈയ്യിലും ഒരു കൊഴി കാണും എന്ന പഴഞ്ചൊല്ല്‌ മനസ്സില്‍ വന്നപ്പോള്‍ അവളോട് ചോദിച്ചു:
"എടി, ആരാ ഈ ജാമാതാവ്"
പോയിന്‍റ്‌ ബ്ലാങ്കില്‍ മറുപടി കിട്ടി:
"ഗോമാതാവ് പശുവാ"
കുന്തം!!
എന്തേലും ചോദിച്ചാല്‍ അവള്‍ക്ക് വായി തോന്നുന്നതാ മറുപടി നല്‍കുന്നത്.അരിയെത്രാന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി എന്ന് പറയുന്ന ഇവളോട് ചോദിച്ച എന്നെ വേണം തല്ലാന്‍.
ഞാന്‍ ഇങ്ങനെ മനസ്സില്‍ കരുതവേ അവള്‍ എന്നോട് പറഞ്ഞു:
"അത് പശുവാ, സത്യം"
തുടര്‍ന്ന് അവള്‍ അച്ഛനോട് ചോദിച്ചു:
"അല്ല്യോ അച്ഛാ"
അച്ഛനൊന്നും പറഞ്ഞില്ല, വെറുതെ മാനത്തോട്ട് നോക്കി ഇരുന്നു...
ഇന്ന് മഴ പെയ്യുമോ എന്ത്??
അതേ ഭാവം.

അവള്‍ അരങ്ങൊഴിഞ്ഞപ്പോള്‍ ഞാന്‍ അച്ഛനെ ഒന്നൂടെ നോക്കി, ഇപ്പോ തലക്ക് കൈ വച്ചിരിക്കുന്നു.ഇഞ്ചി നീര്‌ കുടിച്ചപ്പോ വയറ്റിലെ വേദന മുകളിലേക്ക് കേറി തലയിലെത്തിയതാവുമെന്ന് ഞാനെന്‍റെ മനസ്സിനെ ആശ്വസിപ്പിച്ചു.
അപ്പോ അച്ഛന്‍ പറഞ്ഞു:
"നീ പോയി മലയാളം നിഘണ്ടു എടുത്ത് നോക്ക്, അതാ നല്ലത്"
നേരെ മുറിയിലേക്ക്..
അങ്ങനെ നടന്നപ്പോഴാണ്‌ ഞാന്‍ ചിന്തിച്ചത്, അമ്മ പറഞ്ഞതിലും കാര്യമുണ്ട്, ഈ മാതാവ് പിതാവ് എന്നതെല്ലാം പ്രായമായവരല്ലേ, അപ്പോ ജാമാതാവ് അമ്മായിഅപ്പനായിരിക്കും...
ആയിരിക്കുമോ??
ആയിരിക്കും, ഉറപ്പ്.

അങ്ങനെ ആ വരി ഞാന്‍ പൂര്‍ത്തിയാക്കി...

'പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ ദക്ഷന്‍ ഒരു യാഗം നടത്തി.'

എഴുതി കഴിഞ്ഞ് ഒരാവര്‍ത്തി വായിച്ച് നോക്കി, ആഹാ, പെര്‍ഫക്റ്റ്.സന്തോഷത്തോടെ പോസ്റ്റ് ചെയ്യുമ്പോ ഞാനറിഞ്ഞിരുന്നില്ല ഒരു വലിയ മണ്ടത്തരമാ ഞാന്‍ കാണിച്ച് വച്ചതെന്ന്, സാക്ഷാല്‍ പരമശിവനു പോലും എന്‍റെ ചെവിക്ക് പിടിച്ച് കിഴുക്കാന്‍) തോന്നുന്നത്ര വലിയ ഒരു മണ്ടത്തരം.

എന്തായാലും ശിവരാത്രിയായി ഭക്തജനങ്ങളുടെ പരാതികള്‍ പരിഹരിച്ച് കൊണ്ടിരുന്ന തിരക്കില്‍ ഭഗവാനിത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല, അല്ലെങ്കില്‍ വല്യ വല്യ ദുഷ്ടന്‍മാരുടെ തെറ്റുകള്‍ ക്ഷമിക്കുന്ന ഭഗവാന്‍ ഈ അയ്യോ പാവത്തിന്‍റെ വിവരക്കേടിനെ ക്ഷമിച്ചതാവാം.എന്തായാലും പോസ്റ്റ് വായിച്ച ആരും ആ തെറ്റ് ചൂണ്ടിക്കാട്ടിയില്ല.

ഇതിനു കാരണം പലതാവാം..
ഒന്നുങ്കില്‍ ശ്രദ്ധിച്ച് കാണില്ല, അല്ലെങ്കില്‍ ഞാന്‍ കരുതിയ പോലെ ജാമാതാവ് എന്നത് ലോകമാതാവ് പോലെ എന്തോ ആണെന്ന് കരുതിയിരിക്കാം, അല്ലെങ്കില്‍ അര്‍ത്ഥം ശരിയാണോ തെറ്റാണോന്നുള്ള സംശയമാവാം.ഒരു ദിവസത്തിനു ശേഷം ആദ്യമായി ഈ തെറ്റ് ചൂണ്ടി കാണിക്കാന്‍ എന്നെ വിളിച്ചത് ഇന്‍ഡ്യാഹെറിറ്റേജ് എന്ന ബ്ലോഗര്‍നാമത്തില്‍ അറിയപ്പെടുന്ന പണിക്കരേട്ടനാണ്, അദ്ദേഹം പറഞ്ഞു:
"ജാമാതാവ് മരുമകനാ"
ജാള്യം മറച്ച് പിടിച്ച് ഞാന്‍ തിരികെ ചോദിച്ചു:
"ഓഹോ, ഇപ്പോ അങ്ങനാക്കിയോ?"
മറുപടി പെട്ടന്ന് കിട്ടി:
"ഇപ്പോ അല്ല, പണ്ടേ അങ്ങനാ.പിന്നെ അമ്മായിഅപ്പന്‍ ശ്വശുരനാ"
കേട്ടാപാതി കേള്‍ക്കാത്ത പാതി വിവാദ വരി അങ്ങ് മോഡിഫൈ ചെയ്തു...

'ജാമാതാവായ പരമശിവനെ ക്ഷണിക്കാതെ ശ്വശുരനായ ദക്ഷന്‍ ഒരു യാഗം നടത്തി.'

ഒന്നൂടെ വായിച്ചപ്പോ എനിക്കൊരു സംശയം...
ഇത്ര കട്ടിയായി ഒരു വരി വേണോ??
'മരുമകനായ പരമശിവനെ ക്ഷണിക്കാതെ അമ്മയിഅപ്പനായ ദക്ഷന്‍ ഒരു യാഗം നടത്തി.' എന്ന് പോരേ??
പോരാ, ഇങ്ങനെ എഴുതാനായിരുന്നെങ്കില്‍ എനിക്ക് ഇന്നലേ ആവാമായിരുന്നു, മാത്രമല്ല എന്നെ പോലെ ഈ വാക്കുകള്‍ അറിയാത്തവര്‍ക്ക് അറിയാനായി ഇത് ഉപകരിച്ചാല്‍ അത്രയുമായല്ലോ.വിദ്യ എന്നത് കൊടുക്കുന്തോറും വളരുന്നതല്ലേ, അപ്പോ അറിയുന്നത് മറ്റുള്ളവരേയും അറിയിക്കുക, തെറ്റിനു ക്ഷമ ചോദിക്കുക, വിദ്യ പകര്‍ന്ന് തന്നവര്‍ക്ക് നന്ദി പറയുക...

അതിനാല്‍ തെറ്റ് എഴുതിയതിനു ക്ഷമ ചോദിക്കുക്കുന്നു, അതോടൊപ്പം പണിക്കരു ചേട്ടനു നന്ദി.ഇനിയും തെറ്റ് സംഭവിച്ചാല്‍ ചൂണ്ടി കാട്ടാനും, തിരുത്തി തരാനും എല്ലാവരും വീണ്ടും വരണമെന്ന് അപേക്ഷിക്കുന്നു....

സ്നേഹപൂര്‍വ്വം
അരുണ്‍ കായംകുളം
(കായംകുളം മൊത്തം എന്‍റെയാ)

35 comments:

അരുണ്‍ കരിമുട്ടം said...

തെറ്റുകള്‍ മനുഷ്യസഹജം, പക്ഷേ എഴുതുന്നതിനു മുമ്പ് ഉറപ്പാക്കാതിരുന്നത് എന്‍റെ തെറ്റ്.ഇനി ജാമാതാവ് മറക്കില്ല :)

Unknown said...

"നീ പോയി മലയാളം നിഘണ്ടു എടുത്ത് നോക്ക്, അതാ നല്ലത്" അച്ഛന്റെ അഭിപ്രായം എനിക്കിഷ്ടായി.പണിക്കരേട്ടന്‍ ആള് പുലി തന്നെ

SFO2Puthuppally said...

മുഴോന്‍ വായിച്ചു കഴിഞ്ഞപ്പം ഇതിലാരാ അമ്മായിയപ്പന്‍ ആരാ മരുമകന്‍ എന്നായി കണ്‍ഫ്യൂഷന്‍

കുഞ്ഞൂസ് (Kunjuss) said...

വിദ്യ എന്നത് കൊടുക്കുന്തോറും വളരുന്നതല്ലേ, അപ്പോ അറിയുന്നത് മറ്റുള്ളവരേയും അറിയിക്കുക, തെറ്റിനു ക്ഷമ ചോദിക്കുക, വിദ്യ പകര്‍ന്ന് തന്നവര്‍ക്ക് നന്ദി പറയുക...

പിന്നെ കായംകുളം മൊത്തം സ്വന്തമാക്കിയാല്‍ ഞങ്ങളൊക്കെ എന്തു ചെയ്യും...?? :)

സങ്കൽ‌പ്പങ്ങൾ said...

നല്ല കാര്യം പറഞ്ഞുതരാൻ തോന്നിയല്ലൊ...

ഒരു ദുബായിക്കാരന്‍ said...

ജാമാതാവ് മരുമകന്‍ ആണെന്ന് എനിക്കറിയാമായിരുന്നു...പക്ഷെ ഈ പോസ്റ്റ്‌ വായിച്ചതും ആകെ കന്‍ഫ്യൂഷന്‍ ആയി ...എന്തായാലും അവസാനം ആ കന്‍ഫ്യൂഷന്‍ മാറ്റിയല്ലോ !! പണിക്കര് ചേട്ടന് നന്ദി ...

mini//മിനി said...

ജാ‘മാതാവിന്റെ’ അവകാശം നേടിയെടുക്കാൻ അമ്മായിഅമ്മമാർ ചേർന്ന് സമരം നടത്തിയാലോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശെടാ ഇതിനിടയ്ക്ക് ഇതു പോസ്റ്റും ആയൊ? ഹ ഹ ഹ :)

ഞാൻ ആണായതു നന്നായി
പണിക്കരു ചേട്ടൻ "പുലിയാടാ" ന്നല്ലെ പറയൂ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സംശയം എന്നത് ബുദ്ധി ഉള്ളവരുടെ കൂടപ്പിറപ്പാണ്. അതുണ്ടെങ്കിലെ വളരാൻ പറ്റൂ.

പക്ഷെ അവൻ ചിലപ്പോൾ ഇതുപോലെ പറ്റിക്കും

അരുണിനു തോന്നിയതു പോലെ സംശയം എനിക്കും വന്നു.

കമന്റിടാൻ ടൈപ് ചെയ്തു കഴിഞ്ഞപ്പോൾ എനിക്കും സംശയം ജാമാതാവ് മരുമകൻ തന്നെ ആണൊ?

ഞാൻ എന്റെ ചേട്ടനെ വിളിച്ചു ചോദിച്ചു

ചേട്ടൻ ഇതും കൂടി പറഞ്ഞും തന്നു

പൗത്രൻ പുത്രന്റെ പുത്രൻ
ദൗഹിത്രൻ മകളുടെ പുത്രൻ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

സംശയം മറ്റൊരു തരത്തിലും പറ്റിയ്ക്കും ദാ ഇങ്ങനെ

ajith said...

നമ്മുടെ ഭാഷാജ്ഞാനത്തിന്റെ ന്യൂനത അറിയണമെങ്കില്‍ മഹാകവികളുടെ പഴയ കവിതകളൊക്കെയൊന്ന് വായിച്ചുനോക്കിയാല്‍ മതി. പകുതി വാക്കുകള്‍ക്കും അര്‍ത്ഥം അറിയുകയില്ല. അതുകൊണ്ട് ഇതും വലിയ ആശ്ചര്യമല്ല.

Unknown said...

ജാമാതാവ് അമ്മായി അപ്പനോ മരുമകനോ ആയിക്കോട്ടേ.. വേറൊരു തെറ്റുകൂടി ഉണ്ടല്ലോ 'പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ ദക്ഷന്‍ ഒരു യാഗം നടത്തി.' എന്നതിൽ.. ഇത് വായിച്ചാൽ തോന്നുക പരമശിവനെ ക്ഷണിക്കാത്തോണ്ടാണ് ദക്ഷൻ ജാമാതാവ് ആയത് എന്നല്ലേ....എനിക്കങ്ങനെ തോന്നി.. -സസ്നേഹം മുൻഷി പരമുപിള്ള..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മലയാളം പറഞ്ഞാൽ തലമുട്ടയടിക്കുന്ന കാലമല്ലെ
:(

Joy Varghese said...

ഇജ്ജ്ജാ മാതാവ് ..എന്നായിരിക്കും കോഴിക്കൂട് നിന്നുള്ള വെര്‍ഷന്‍

രഘുനാഥന്‍ said...

ഹ ഹ കൊള്ളാം അരുണ്‍... ശിവന്‍ ഈക്കാര്യം അറിയാതിരുന്നത്‌ ഭാഗ്യം.

രഘുനാഥന്‍ said...

ഹ ഹ കൊള്ളാം അരുണ്‍... ശിവന്‍ ഈക്കാര്യം അറിയാതിരുന്നത്‌ ഭാഗ്യം.

കലി said...

rasam Rasakaram... great

വീകെ said...

പണിക്കരു ചേട്ടൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല. എനിക്ക് സമ്മതം. ജാമാതാവ് മരുമോൻ തന്നെ...!!

Echmukutty said...

എനിയ്ക്ക് സങ്കടായി......പഴയ പോസ്റ്റ് ഞാൻ കണ്ടില്ല. പുതിയ പോസ്റ്റ് മാത്രേ കണ്ടുള്ളൂ.
ങ്ഹാ, പോട്ടെ സരമില്ല. ജാമാതാവ് ആരെന്ന് അറിഞ്ഞല്ലോ.

കായംകുളത്തിന്റെ മൊത്തം ഉടമസ്ഥൻ എത്ര രൂപയാ ഭൂനികുതി കൊടുക്കുന്നത്? അതറിഞ്ഞിട്ട് വേണം.......

കൊച്ചു കൊച്ചീച്ചി said...

കലക്കി. പൊടിപൊടിച്ചു!!

@Arun Nedumangad- 'പരമശിവനെ ക്ഷണിക്കാതെ ജാമാതാവായ' എന്നത് 'ബസ്സില്‍ പോകാതെ ബിരുദധാരിയായ' എന്ന മട്ടിലാണ് വായിക്കേണ്ടത്. അതില്‍ തെറ്റില്ല, വിശേഷിച്ച് ശരിയുമില്ല. പക്ഷേ ആ കമെന്റുവായിച്ച് കുറേ ചിരിച്ചു!

ചെലക്കാണ്ട് പോടാ said...

ഇതേ ഡൌട്ട് വായിച്ചപ്പോള്‍ തോന്നിയില്ല, പക്ഷേ ഈ പോസ്റ്റിന്റെ തുടക്കം വായിച്ചപ്പോള്‍ കലശലായി തോന്നി

ഇതിപ്പോ, അമ്മായിയപ്പന്റെ അദര്‍നെയിമും പഠിക്കാന്‍ കഴിഞ്ഞല്ലോ ഗുഡ്.....

ChethuVasu said...

അപ്പോള്‍ "ജാപിതാവ്" മരുമകള്‍ ആയി വരുമോ..?

ഹ ഹ !!

ChethuVasu said...

दामाद (HINDI) = जामाता (SANSKRIT) = ജാമാതാവ് (MALLU) -Son In law ( Not Son in Love!!)

Probably the meaning would be like " Son whose Mother is another " ..Probably to indicate that he is like my own son , but born to a different mother (not my wife)

ചന്തു നായർ said...

നന്നായിചിരിച്ചൂ.....ഭാവുകങ്ങൾ

വിനോദ് said...

arun chetto..oru thettil ninnum post undakkamennu epol arinju..

Muralee Mukundan , ബിലാത്തിപട്ടണം said...

ജാ മാതാവിന്റെ അർത്ഥം വെളിവാക്കിതന്നതിന് അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

anamika said...

ഞാനും അമ്മേടെ പക്ഷത്താ
മാതാവ് അമ്മ ആവുമ്പോള്‍
ജാമാതാവ് അമ്മായമ്മയോ മരുമകളോ ആവേണ്ടതാണ്.. പണ്ട് അവര്‍ക്ക് പറ്റിയ mistake ആണെന്ന് തോന്നുന്നു
അല്ലാതെ എനിക്ക് വിവരം ഇല്ലഞ്ഞിട്ടല്ല

ente lokam said...

ഹ..ഹ...തിരുത്ത്‌ കൊള്ളാം.

ജാമാതാവ് എനിക്ക് അറിയാമായിരുന്നു..
പക്ഷെ "ജാമാതാവ് ആരെന്നു അറിയില്ലാത്ത
കഥയില്"‍ ഞാന്‍ വെറും വായനക്കാരന്‍
ആയിപ്പോയി..പണിക്കര്‍ ചേട്ടനെ ഞാന് പോയി കണ്ടു..കുറെ സംശയം കൂടി
ചോദിക്കാന്‍...ഇതും പോസ്റ്റ്‌ ആക്കിയthu
ആണ്‌ അതിന്റെ ഏറ്റവും ഭംഗി അരുണ്‍..

Rijo Jose Pedikkattu said...

എന്നാലും മാതാവ് അമ്മയാകുമ്പം എങ്ങനെ ജാമാതാവ് മരുമകനാകും.? ഒരു കല്ലുകടി

Dileepan said...

Arunetta.... Super.... Ningalude ee ezhuthu enneyum blog ezhuthan prerippichu.. angane innu njan start cheythu. Anugrahikkuka.. aashirvadhikkuka....

Dileepan said...

ente post http://kuttancharitham.blogspot.in/

മണ്ടൂസന്‍ said...

അതും ഒരു പോസ്റ്റാക്കിക്കളഞ്ഞല്ലേ ? രസമുണ്ട്.

'കറ്റിപ്പുറത്ത് മ്മടെ ചാത്തുമ്മാന്റെ ശ്രാദ്ധം. തിരിച്ച്ങ്ങ്ട് വരുന്ന വഴിക്ക് തോണി മറിഞ്ഞു.' അതാണിവടെ എത്താൻ ഇത്രയ്ക്കും വൈകിയത്.' ആശംസകൾ.

Anonymous said...

കിടു

Anonymous said...

കിടു

Anonymous said...

കിടു

ചിത്രങ്ങള്‍ക്ക് കടപ്പാട് : എന്നോട്, എന്‍റെ സുഹൃത്തുക്കളോട്, ഗൂഗിളിനോട്, പിന്നെ ആ ചിത്രം പ്രസിദ്ധീകരിച്ചവരോട്...
ഈ ബ്ലോഗിന്‍റെ ഹെഡര്‍ തയ്യാറാക്കി തന്ന ബ്ലോഗര്‍ രസികനു നന്ദി രേഖപ്പെടുത്തുന്നു..
മറ്റ് ബ്ലോഗുകളിലേക്കുള്ള ലിങ്ക് തയ്യാറാക്കി തന്ന രായപ്പനു നന്ദി രേഖപ്പെടുത്തുന്നു..
ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും നന്ദി, സമയം കിട്ടുമ്പോള്‍ വീണ്ടും വരണേ..

© Copyright
All rights reserved
Creative Commons License
Kayamkulam Superfast by Arun Kayamkulam is licensed under a
Creative Commons Attribution-Noncommercial-No Derivative Works 2.5 India License.
Production in whole or in part without written permission is prohibited
Please contact: arunkayamkulam@gmail.com